ആടുജീവിതം
നജീബ് എന്ന ആട്
               നോവല്‍ സാഹിത്യത്തിന് ആധുനിക കാലം നല്‍കിയ സംഭാവനകളിലൊന്നാണ് ആടുജീവിതം. ഒരു ഗള്‍ഫ് മലയാളിയുടെ നാമറിയാത്ത ജീവിതമാണ് ഇത്തവണത്തെ മികച്ച നോവലിനുള്ള സംസ്ഥാന സാഹിത്യഅക്കാദമി പുരസ്ക്കാരം ലഭിച്ച ആടുജീവിതത്തിലൂടെ ബെന്യമിന്‍ കാണിച്ചു തരുന്നത്. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകള്‍ മാത്രമാണ് എന്ന വസ്തുത ആദ്യമേ പറഞ്ഞുകൊണ്ടാണ് എന്നതുകൊണ്ട് തന്നെ നമുക്ക് വളരെ വ്യത്യസ്തമായ ഒരു ജീവിതാനുഭവത്തിന്റെ ചിത്രം വെളിപ്പെടുത്തുകയാണ് ഈ നോവല്‍.
          ജീവിത നിലവാരം ഉയര്‍ത്തുവാന്‍ ഗള്‍ഫിലേക്ക് പറക്കുന്ന സാധാരണ മലയാളിയാണ് നജീബ്. അവിടത്തെ നരകതുല്യമായ അടിമജീവിതമാണ് നോവലിന്റെ ഉള്ളടക്കം. അവിടെയെത്തുന്ന നജീബിനെയും കൂട്ടുകാരനായ ഹക്കീമിനെയും സ്പോണ്‍സര്‍ അഥവാ അര്‍ബാബ് കൂട്ടിക്കൊണ്ടുപോകുന്നു. അനന്തമായ മണല്‍ത്തിട്ടകള്‍ക്കിടയിലെ ഒരു ആടുഫാമില്‍ ഹക്കീമിനെയും രണ്ടാമത്തേതില്‍ നജീബിനേയും കൊണ്ടുചെന്നാക്കി. ആടുകളെ വളര്‍ത്തുന്ന മസറയിലെ പണിക്കാരായിട്ടാണ് ഇരുവരും എത്തുന്നത്. നല്ല ജോലി പ്രതീക്ഷിച്ച് പുതിയ വസ്ത്രങ്ങളും ഷൂവും ധരിച്ച നജീബിനെക്കൊണ്ട് മുഷിഞ്ഞ, മുശടുവാടയുള്ള വൃത്തികെട്ട ഒരു കുപ്പായവും ധരിപ്പിക്കുന്നു. ആ മസറയില്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയ വിരൂപനായ ഭീകരരൂപി നജീബിന് മുന്നേ അവിടെ ഉണ്ടായിരുന്നു. പിന്നീട് അര്‍ബാബ് ആ ഭീകരരൂപിയെ കൊല്ലുന്നു. ശൗച്യത്തിനായി ഒരു പാട്ട വെള്ളം എടുത്തപ്പോള്‍ നജീബിനു കിട്ടുന്ന ബെല്‍ട്ടടി വിശദീകരിക്കുമ്പോള്‍ അത് വായനക്കാരന് അത് തീര്‍ച്ചയായും രസകരമായ ഒരു സന്ദര്‍ഭമാകുന്നു. നജീബിന് ഒരു 'ആടുപുത്രനെ' ലഭിക്കുകയും അതിനെ തന്റെ തന്റെ കുഞ്ഞിനിടാനിരുന്ന നബീല്‍ എന്ന പേരിടുകയും ചെയ്യുന്നു.അര്‍ബാബിന്റെ ചില രീതികള്‍ നജീബിന് തീരെ ഇഷ്ടമാകുന്നില്ല. ഉണര്‍വ്വില്ലാത്ത ആണാട്ടിന്‍കുട്ടിയുടെ ലിംഗായവം ഖണ്ഡിക്കുകയും അതിനെ ഷണ്ഡനാക്കിത്തീര്‍ക്കുയും ചെയ്യുന്നു. നജീബ് എറെ സ്നേഹിക്കുന്ന, സംരക്ഷിക്കുന്ന നബീലിനെയും ഷണ്ഡനാക്കുവാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നു. അത് നബീലിനെ ഏറെ ദുഖത്തിലാഴ്ത്തുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ പാമ്പ് കടിച്ചു മരിക്കുന്ന നബീലിന്റെ ദൃശ്യവും ആസ്വാദകനെ വേദനിപ്പിക്കുന്നു. നജീബിന്റെ മസറയില്‍ നിന്നും രക്ഷപ്പെടാനുള്ള ആദ്യ പരിശ്രമം പരാജയപ്പെടുകയും അതില്‍ ഒരാട് ബലിയാടാവുകയും ചെയ്തത് ഹൃദയഭേദകമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ഇടയ്ക്ക് ഗൃഹാതുരത്വം ശക്തമാകുന്ന സന്ദര്‍ഭത്തില്‍ നജീബെഴുതുന്ന കത്ത് വായിക്കുമ്പോള്‍ ഏത് കഠിനഹൃദയനും പൊട്ടിക്കരഞ്ഞുപോകും. നിസ്സഹായനായി പൊരിവെയിലത്ത് ആടിനെ മേയ്ക്കുന്ന ഒരാട്ടിടയന്‍ തന്റെ ജോലിയെ ഭാര്യയ്ക്കു മുമ്പില്‍ അവതരിപ്പിക്കേണ്ടതില്ല എന്ന ചിന്തയോടെ കള്ളമെഴുതുന്നു. ഇതിനിടയില്‍ നജീബിന് ഒരു മുട്ടനാടിന്റെ കൈയ്യില്‍ നിന്ന് ഒരു മുട്ടനിടി കിട്ടുകയും കൈ പൊളിയുകയും ചെയ്യുന്നു. പിന്നീടൊരിക്കല്‍ മുട്ടന്‍ ആടുകളുടെ കൊമ്പുകോര്‍ക്കലിനിടയില്‍ തെറിച്ച മണ്ണില്‍ കണ്ട ജീര്‍ണ്ണിച്ച കൈപ്പത്തി ഭീകരരീപിയുടെ മരണത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. അയാള്‍ അപ്പോഴനുഭവിച്ച വികാരം മുഴുവന്‍ നോവലിലേക്ക് പകര്‍ത്തിയത് പുത്തനനുഭവമായി മാറി. മാസങ്ങളോളം കുളിക്കാത്ത നജീബിന് മഴത്തുളളികള്‍ ദേഹത്ത് വീഴുമ്പോഴുണ്ടായ അസ്വാസ്ഥ്യം പറഞ്ഞറിയിക്കുവാന്‍ പറ്റാത്തതാണ്. ഹക്കീമിന്റെ മസറയില്‍ ഇബ്രാഹിം ഖാദിരി എന്ന പുതിയ വേലക്കാരന്‍ കടന്നു വരുന്നു. അപ്പോള്‍ നജീബിനുണ്ടായ അസൂയ വായനക്കാരനെ രസിപ്പിക്കുന്നതാണെങ്കിലും മിണ്ടാനൊരാള്‍ കൂട്ടിനില്ലാത്തതിന്റെ ദുഃഖം പറഞ്ഞറിയിക്കുവാന്‍ പറ്റാത്തതാണ്. നജീബും ഹക്കീമും ഇബ്രാഹിം ഖാദിരിയോടൊന്നിച്ച് ആ നരകത്തില്‍ നിന്നും രക്ഷപ്പെടാനുറച്ചു. മൂത്ത അര്‍ബാബിന്റെ മകളുടെ കല്ല്യാണത്തിന് അര്‍ബാബുമാര്‍ പോയപ്പോള്‍ മൂവരും രക്ഷപ്പെട്ടു. രാത്രിയോ പകലോ ഭേദമന്യേ അവര്‍ ഓടുകയും നടക്കുകയും ചെയ്തു. ദിവസങ്ങളോളം അവര്‍ വെള്ളം കുടിക്കാതെ ഭക്ഷണം കഴിക്കാതെ യാത്ര തുടരുന്നു. ഹക്കീം വെള്ളമില്ലാതെ പരിഭ്രാന്തനായി മണ്ണ് വിഴുങ്ങി, രക്തം ചര്‍ദ്ദിച്ചു. പുറകെ വന്ന മണല്‍ കൊടും കാറ്റില്‍ പറന്നു വന്നടിഞ്ഞ മണല്‍ക്കൂനയില്‍ ഹക്കീം അകപ്പെട്ടു. ഹക്കീമില്ലാതെ നജീബും ഇബ്രാഹിമും യാത്ര തുടരുകയും മരുപ്പച്ച കണ്ടെത്തി അവിടെ വിശ്രമിക്കുകയും ചെയ്യുന്നു. പിറ്റേന്ന് അവര്‍ ദേശീയ പാതക്ക് അരികിലെത്തുന്നു, ഇബ്രാഹിം ഒരു ദൈവദൂതനെപ്പോലെ അപ്രതക്ഷ്യനാവുകയും ചെയ്യുന്നു. ഒരു വണ്ടിയില്‍ കയറിപ്പറ്റിയ നജീബ് കുഞ്ഞിക്കയുടെ മലബാര്‍ ഹോട്ടലിനു മുന്നില്‍ തലകറങ്ങി വീഴുന്നു. അവനെ അവിടത്തെ മലയാളികള്‍ പരിചരിക്കുകയും ചെയ്തു. പിന്നീട് അവന്‍ പോലീസിന് പിടി കൊടുക്കുകയും ജയില്‍ വാസമനുഷ്ടിക്കുകയും ചെയ്യുന്നു. പുതിയ കൂട്ടുകാരനായ ഹമീദിനൊപ്പമുള്ള ആ പുതുജീവിതം അയാള്‍ ആസ്വദിക്കുന്നു. നജീബും ഹമീദും എംബസി വിസക്കു വേണ്ടി കാത്തു നില്‍ക്കുന്ന നാളുകള്‍ വിവരിക്കുന്നു. ഹമീദിനെ അര്‍ബാബ് പിടിച്ചു കൊണ്ടുപോയ ശേഷം നജീബും സ്വന്തം അര്‍ബാബിനെ കാണുന്നു. സ്വന്തം അര്‍ബാബിനെ കാണുമ്പോള്‍ അയാള്‍ അനുഭവിച്ച വോദനകളും പ്രയാസങ്ങളും ഭാവിയെക്കുറിച്ചുള്ള ഭയാശങ്കകളും ഒക്കെ വിശദീകരിക്കുന്നു. പിന്നീട് നജീബ് ആ അര്‍ബാബിന്റെ വിസക്കാരനല്ലായിരുന്നുവെന്ന സത്യം തിരിച്ചറിയുന്നു. അവസാനം അയാള്‍ സ്വന്തം മണ്ണില്‍ എത്തിച്ചേരുന്നു.
         ബെന്യമിന്റെ ആടുജീവിതം അനുഭവ സാക്ഷ്യത്തില്‍ നിന്നും രേഖപ്പെടുത്തിയ അതിമനോഹരമായ നോവലാണ്. ജീവിതം ചുട്ടു പോള്ളുമ്പോഴും അല്‍പ്പം നര്‍മ്മം മേമ്പൊടിയായി വര്‍ത്തിക്കുന്നു എന്നത് നോവലിന്റെ പ്രത്യേകതയാണ്. പ്രവാസത്തിന്റെ മണല്‍പ്പരപ്പില്‍ നിന്നും രൂപം കൊണ്ട മഹത്തായ ഒരു ഗ്രന്ഥമാണിത്. പ്രവാസം ഇവിടെ കേവലം ബാഹ്യസ്പര്‍ശിയായ അനുഭവമല്ല, ശക്തമായ ഒരനുഭവത്തിന്റെ തീക്ഷണതയില്‍ നാം വെന്തു നീറുന്നു. മണല്‍പ്പരപ്പിലെ ജീവിതം ചുട്ടുപൊള്ളുമ്പോഴും വിഷാദമധുരമായ നര്‍മ്മത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എഴുത്തുകാരനാവുന്നില്ല.
'ഇത് നജീബിന്റെ കഥയല്ല; ജീവിതമാണ്, ആടുജീവിതം' എന്ന് പിന്‍കുറിപ്പില്‍ ബെന്യമിന്‍ പറയുന്നുണ്ട്. ഒരു ഗള്‍ഫ് മലയാളിയുടെ അനുഭവ പ്രസക്തമായ ജീവിതം എന്നതിലുപരി സമൂഹത്തിന്റെ സമസ്യയായി ഉയര്‍ന്നു വരുന്ന അടിമത്തത്തിനെതിരായ സന്ദേശം കൂടി ഉള്‍ക്കൊള്ളുന്നതിലാണ് ആടു ജീവിതത്തിന് ഇത്രയേറെ സമകാലിക പ്രസക്തി കൈവരുന്നത്.



എഴുത്തുകാരനുമായുള്ള അഭിമുഖം കാണുക ::  
                                                     

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിളയുടെ ആത്മകഥ