ജീവചരിത്രക്കുറിപ്പ്
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
1906 ഡിസംബര്‍ 23 ന് കുറ്റിപ്പുറത്ത് ജനിച്ചു. കവ, നാടകകൃത്ത്, സാമൂഹികപ്രവര്‍ത്തകന്‍, വക്കീല്‍ ഗുമസ്തന്‍ തുടങ്ങി ജീവിത സാഹിത്യമണ്ഡലങ്ങളുടെ ഒട്ടേറെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. ശക്തിയുടെ കവി എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹനാണ് അദ്ദേഹം. അക്കാലത്ത് മലയാള കവിതാ സാഹിത്യലോകത്ത് നിലനിന്നിരുന്ന കാല്‍പ്പനികത പോലുള്ള സങ്കേതങ്ങളില്‍ നിന്ന് തികച്ചും മുക്തനായിരുന്നു ഇടശ്ശേരിയുടെ കവിത്വം. കവികള്‍ ഉള്‍പ്പടെയുള്ള സാഹിത്യനായകന്‍മാര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും, സമൂഹത്തെ മാറ്റിനിര്‍ത്തിയാല്‍ അവര്‍ക്ക് നിലനില്‍പ്പ് ഇല്ല എന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അദ്ദേഹത്തിന്റെ കവിതകള്‍ ഈ വിശ്വാസത്തിന്റെ ബഹുര്‍സ്ഫുരണങ്ങള്‍ ആണ് എന്ന് ആ വരികളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് മനസ്സിലാകും. അളകാവലി, കറുത്ത ചെട്ടിച്ചികള്‍, കാവിലെപ്പാട്ട്, ഒരു പിടി നെല്ലിക്ക, തത്വശാസ്ത്രങ്ങളുറങ്ങുമ്പോള്‍, പുത്തന്‍ കലവും അരിവാളും തുടങ്ങിയ കവിതാസമാഹാരങ്ങളും കൂട്ടുകൃഷി, നൂലാമാല, എണ്ണിച്ചുട്ട അപ്പം, കളിയും ചിരിയും, തൊടിയില്‍ പടരാത്ത മുല്ല തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്. പൂതപ്പാട്ട് എന്ന കവിത ഏറെ അനുവാചകരെ സൃഷ്ടിച്ചെടുത്ത രചനയാണ്. ഇന്നും, കേരളത്തിലെ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മാമുണ്ണാന്‍ കൊടുക്കുമ്പോള്‍ ഇതിലെ വരികള്‍ ഉച്ചരിക്കുന്നു. അതിലെ കഥ കേള്‍ക്കാനായി കുട്ടികള്‍ കാതോര്‍ക്കുന്നു..........

ഇടശ്ശേരി കവിതകള്‍ വായിക്കുമ്പോള്‍ വല്ലാത്ത ഒരു ഗൃഹാതുര ബോധത്തിലാണ് അനുവാചകന്‍ അകപ്പെടുന്നത്. നമുക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന പലതും ആ വരികളില്‍ തെളിയുന്നുണ്ട്. കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ട്, മാനത്തമ്പിളി മാമനെ കാട്ടീട്ട് മാമു കൊടുക്കുന്ന നങ്ങേലിയുടെ ദൃശ്യം കേരളീയ മാതൃത്വത്തിന്റെ റോള്‍ മോഡലായി മാറിയതിന് കഴിഞ്ഞ തലമുറ സാക്ഷിയാണ്. സാമൂഹിക പ്രതിബന്ധത വെറും വാക്കുകളില്‍ ഒതുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. നേരിട്ട് സമൂഹത്തിലേക്കിറങ്ങി പ്രശ്നങ്ങല്‍ പരിഹരിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.
കേരള സാഹിത്യ അക്കാദമിയിലും സംഗീത നാടക അക്കാദമിയിലും അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് 1971ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, 1970ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഒരു രാജ്യം മുഴുവന്‍ ആദരിച്ചതിന് ശേഷമാണ് മാതൃഭാഷ അദ്ദേഹത്തിനെ ആദരിച്ചത് എന്നത് വിധിയുടെ വൈചിത്ര്യമാകാം.........
1974ല്‍ അദ്ദേഹം അന്തരിച്ചു.
ഇതു കുറച്ചു ഏറി.. പക്ഷെ നല്ല ഒരു വിവരണമാണ്
മറുപടിഇല്ലാതാക്കൂകുട്ടികൾക്ക് ഇതൊക്കെയും എഴുതിയെടുക്കാൻ കുറച്ചു പണിയാകും