ജ്ഞാനപീഠമേറിയ മലയാളം
മലയാളത്തിന്റെ മധുമൊഴിയാണ് ഒഎന്‍വി കവിതകള്‍. ഏതു മലയാളിയുടെയും മനസ്സില്‍ മധുരം ചുരത്തുന്ന സ്നേഹാനുഭൂതിയുടെ പച്ചത്തുരുത്തായി കവിതകള്‍ നിറഞ്ഞുനില്‍ക്കും.
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ക്ലാസിക് കലയായ കഥകളിയുടെയും പാരമ്പര്യമുള്‍ക്കൊണ്ട് വളര്‍ന്ന ഒഎന്‍വി ചെറു പ്രായത്തിലേ കവിതയുടെ പടവുകള്‍ കയറിത്തുടങ്ങിയിരുന്നു. കീഴാളരുടെ നാടോടിത്താളങ്ങളും വായ്ത്താരികളും ഈണമിട്ട ആ കവിതകളില്‍ ലോകമെങ്ങുമുള്ള മനുഷ്യരോടുള്ള സ്നേഹവും സാഹോദര്യവുമാണ് തുടിച്ചു നില്‍ക്കുന്നത്.
പഞ്ചാബിലെ ഗോതമ്പ് പാടവരമ്പിലെ പേരറിയാത്ത പെണ്‍കുട്ടിയെക്കുറിച്ചെന്ന പോലെ തെക്കേ അമേരിക്കയിലെ പാവപ്പെട്ട കുടിലുകളിലെ കുട്ടികളെക്കുറിച്ചും ഒഎന്‍വി എഴുതി. പാവപ്പെട്ടവരുടെ ജീവിതവേദനകള്‍ക്കൊപ്പം സ്വന്തം ദേശത്തിന്റെ സംസ്ക്കാരത്തെയും നന്മകളെയും ആഴത്തില്‍ ആശ്ലേഷിക്കുന്നതാണ് ഒഎന്‍വിയുടെ കാവ്യലോകം. തൊടിയിലെ പൂവും ചെടിയും മരവും മാത്രമല്ല, കേരളത്തെ കൈവിട്ടു പോകുന്ന മലയാളത്തനിമയും വേദനിപ്പിക്കുന്ന കാഴ്ചയായി ആ കാവ്യാക്ഷരങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്.
കവിയെന്നതിലുപരി മലയാളികള്‍ നെഞ്ചേറ്റിയ ഗാന രചയിതാവ് കൂടിയാണ് ഒഎന്‍വി. അനശ്വരങ്ങളായ നിരവധി ലളിതഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ഗസലുകളും ആ കവിഹൃദയത്തില്‍ നിന്ന് വാര്‍ന്നു വീണിട്ടുണ്ട്.
കൊച്ചു കൂട്ടുകാര്‍ക്കുള്ള നറുമൊഴികളെത്രയോ ആ പൊന്‍ തൂലികയില്‍ നിന്ന് ഉതിര്‍ന്ന് വീണിട്ടുണ്ട്. നറുമൊഴിയായും നന്മൊഴിയായും ആ മനസ്സിലെ കവിത മലയാളത്തില്‍ പരന്നൊഴുകി. വിപ്ലവാകാശത്തിലെ രക്തനക്ഷത്രമായും പ്രണയ തടാകത്തിലെ ചെന്താമരയായും അത് വളര്‍ന്ന് വലുതായി. മലയാളിയുടെ ജീവിതത്തിന്റെ താളമായി. ഇപ്പോഴിതാ, ഇന്ത്യന്‍ സാഹിത്യത്തിലെ പരമോന്നത പുരസ്ക്കാരമായ ജ്ഞാനപീഠമേറിയിരിക്കുന്നു.മലയാളത്തെ ഒരിക്കല്‍ കൂടി അഭിമാനത്തിന്റെ കൊടുമുടിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിളയുടെ ആത്മകഥ