നിളയുടെ ആത്മകഥ
ഭാരതപ്പുഴ പറയുന്നത്............
"ഏയ്, കൂട്ടുകാരേ, ദയവായി ഒന്നു ശ്രദ്ധിക്കൂ. നിങ്ങള്‍ വളരെ തിരക്കലാണെന്ന കാര്യം എനിക്ക് ഊഹിക്കാന്‍ കഴിയും. കാരണം ഇന്നത്തെ ലോകം വേഗതയുടെയും മത്സരങ്ങളുടേതും ആണല്ലോ?എങ്കലും എന്റെ വാക്കുകള്‍ ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടാകണം.മരണാസന്നയായ ഒരമ്മയുടെ അപേക്ഷയായി കണ്ടാല്‍ മതി.
എനിക്കറിയാം നിങ്ങള്‍ നിങ്ങള്‍ എന്റെ അപേക്ഷ മാനിക്കുമെന്ന്. കാരണം ഒരു തരി നന്മയെങ്കിലും നിങ്ങലുടെ മനസ്സില്‍ ബാക്കി കിടക്കുന്നുണ്ടെന്ന് തീര്‍ച്ചയുണ്ടെനിക്ക്. അതാണ് നിങ്ങളോട് എന്റെ കഥ പറയാമെന്ന് ഞാന്‍ തീരുമാനിച്ചത്. ഒരു പക്ഷേ പിന്നീട് ഒരിക്കല്‍ എനിക്കിത് പറയാന്‍ കഴിഞ്ഞെന്ന് വരില്ല.
ക്ഷമിക്കണം, എന്റെ പേര് പറയാന്‍ വിട്ടു. ഞാന്‍ നിള. ഭാരതപ്പുഴ എന്ന് നിങ്ങള്‍ വിളിക്കുന്ന (വിളിച്ചിരുന്ന) നിങ്ങളുടെ സ്വന്തം നദി. കേരവൃക്ഷങ്ങള്‍ നിറഞ്ഞ നാളികേരത്തിന്റെ നാട്ടില്‍ പിറക്കാന്‍ ഭാഗ്യം സിദ്ധിച്ച നിര്‍ഭാഗ്യനതിയായ നിങ്ങളുടെ അമ്മ. ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ ഒഴുകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. നന്മ നിറഞ്ഞവരായ ഇവിടുത്തെ ജനങ്ങള്‍ക്ക് ഞാന്‍ എന്നെത്തന്നെ സസന്തോഷം സമര്‍പ്പിച്ചിരുന്നു. ഇതൊന്നും ഒരു ത്യാഗമായല്ല, ഒരമ്മയുടെ കടമയായേ ഞാന്‍ കണ്ടിട്ടുള്ളൂ. അന്ന് എന്നെ ഈ നാടിന്റെ ജീവരക്തമായി നിങ്ങളും അംഗീകരിച്ചിരുന്നു. അതൊക്കെ പണ്ട്....
ഇന്ന് എനിക്ക് രക്തമില്ല. വിളറിവെളുത്ത്, ഒരു അഴുക്ക് ചാലായി ഞാനിന്ന് അവശേഷിക്കുന്നു. ഭാരതപ്പുഴ എന്നു പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും പരിഹാസമാണ്. നിറയെ പൂഴിമണ്ണ് മാത്രമുള്ള ഒരു പ്രദേശത്തെ നദി എന്നോ, പുഴ എന്നോ വിളിക്കാന്‍ ഇന്ന് പലരും തയ്യാറല്ല. എന്റെ തീരത്ത് ഈയിടെ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ ഒരു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നെ ഭാരതപ്പൂഴി എന്നു വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. പക്ഷേ, എന്റെ വേദനകള്‍ ആരറിയാന്‍?
ഞാന്‍ ഇങ്ങനെയായി എന്നതിലുപരി എന്നെ ഇങ്ങനെയാക്കിയത് എന്റെ മക്കളായി ഞാന്‍ കരുതിയിരുന്ന നിങ്ങള്‍ തന്നെയാണല്ലോ എന്നോര്‍ക്കുമ്പോള്‍......സഹിക്കാനാകുന്നില്ലെനിക്ക്. നിങ്ങള്‍ക്ക് വെള്ളവും മത്സ്യസമ്പത്തും ഒക്കെ ഞാന്‍ തന്നിരുന്നു. നിങ്ങളാകട്ടെ, ഒരു ശത്രവിനോട് പെരുമാറും പോലെയാണ് എന്നോട് പെരുമാറിയത്. നിങ്ങളുടെ മാലിന്യങ്ങള്‍ എന്റെ മേല്‍ കൊണ്ടു വന്ന് തള്ളി. എന്റെ വെള്ളമൂറ്റി വില്‍പ്പനച്ചരക്കാക്കുന്നവര്‍ക്ക് എന്നെ വിറ്റു. എന്നില്‍ നിന്ന് മണല്‍ വാരിവാരി എന്റെ അസ്ഥിത്വം ഇല്ലാതാക്കി....ഇതൊന്നും പോരാഞ്ഞ് എന്റെ ഹൃദയത്തില്‍ തൂണുകള്‍ നാട്ടി പാലങ്ങള്‍ പണിതു. അപ്പോഴൊക്കെ ഞാന്‍ തോറ്റുതന്നു. മക്കള്‍ പിണങ്ങാതിരിക്കാന്‍ അമ്മമാര്‍ തോറ്റുകൊടുക്കും. അത് സാധാരണയാണ്. പക്ഷേ, തോറ്റു തന്ന്, തോറ്റു തന്ന്, ഞാന്‍ ഒടുവില്‍ നീറി നീറി ഇല്ലാതായി. നിങ്ങളെന്റെ മജ്ജയും മാംസവും രക്തവും ഊറ്റിയെടുത്ത് ലാഭം കൊയ്തു. അപ്പോഴൊക്കെ ഞാന്‍ നിശബ്ദയായി സഹിച്ചു. പക്ഷേ, ഇനിയൊരു തോല്‍വി കൂടി ഏറ്റുവാങ്ങാന്‍ കരുത്തില്ലെനിക്ക്.അത്രക്കവശയാണ് ഞാനിന്ന്.
ചാവേര്‍ പോരാളികള്‍ വീരമൃത്യു വരിച്ച് അവരുടെ രക്തം മണ്ണിനെ ചുവപ്പിച്ചിരുന്ന ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. എന്റെ കരയില്‍ ആയിരങ്ങള്‍ പ്രാണന്‍ ബലി നല്‍കി മരിച്ചു വീണു.മാമാങ്ക പ്പെരുമയൊക്കെ പോയി മറഞ്ഞു. ഒരു പക്ഷേ , പാഠപുസ്തകങ്ങളില്‍ ഞാന്‍ അവശേഷിക്കുന്നുണ്ടാവാം. തിരുവന്തപുരം ഭാഗത്തേക്ക് തീവണ്ടിയില്‍ പോകുമ്പോള്‍ എന്റെ രൂപം കാണാം....ദയവായി എന്നെയോര്‍ത്തു സഹതപിക്കരുത്.
അമ്മമാര്‍ മക്കളെ സ്നേഹിക്കുന്നത്, സ്നേഹം തിരിച്ചു കിട്ടുമെന്ന വ്യാമോഹത്തോടെയൊന്നുമല്ല. ഇന്ന് ബന്ധങ്ങള്‍ക്കൊന്നും വലിയ വിലയില്ലെന്ന് എനിക്കറിയാം. പക്ഷേ, നിങ്ങള്‍ എന്നോട് വലിയ ക്രൂരത തന്നെ കാണിച്ചു. എന്നു വച്ച് നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തില്ല. അമ്മ എന്നത് സഹനത്തിന്റെ ആള്‍രൂപമാണല്ലോ. എന്നെങ്കിലും നിങ്ങള്‍ക്കത് മനസ്സിലാകും. പക്ഷേ, അപ്പോഴേക്കും ഞാനിവിടെ ഉണ്ടായെന്നു വരില്ല.....
ഏതായാലും എന്റെ വാക്കുകള്‍ കേട്ടതിന് നന്ദിയുണ്ട്.എനിക്കിനി അധികം ആയുസ്സില്ല. ആയുസ്സുള്ളിടത്തോളം കാലം ഞാന്‍ പ്രാര്‍ത്ഥിക്കാം....എന്റെ മക്കള്‍ക്കു വേണ്ടി......അതൊക്കെയല്ലേ എനിക്കിനി ചെയ്യാന്‍ പറ്റൂ....”
nammal nilaya samrakshikanam
മറുപടിഇല്ലാതാക്കൂനിളയെ സംരക്ഷിക്കുക
മറുപടിഇല്ലാതാക്കൂjanichu valarnnna manninod chernnu kaanunna puzhayaanenikku nila...varshangalayi kanunna mattangal..onnum cheyyanavathe njangalum..niyamam polum kannadakkunnu..:(
മറുപടിഇല്ലാതാക്കൂ