കുറ്റിപ്പുറം പാലം
-ഇടശ്ശേരി ഗോവിന്ദന് നായര്‍
നഷ്ട സൗഭാഗ്യങ്ങളെക്കുറിച്ചോര്‍ത്ത് വേദനിച്ചിരുന്ന ഒരു കവി മനസ്സിനുടമയായിരുന്നു ഇടശ്ശേരി ഗോവിന്ദന് നായര്‍. കുട്ടിക്കാലത്ത് കളിച്ചു വളര്‍ന്ന കുറ്റിപ്പുറം കടവ് എന്നും അദ്ദേഹത്തിന് ഗൃഹാതുരത്വം തുളുമ്പുന്ന ഒരു ഓര്‍മ്മയായിരുന്നു. അവിടെ വലിയ ഒരു തുക ചെലവഴിച്ച് നിര്‍മ്മിച്ച ഒരു പാലം ഉയര്‍ന്നു വരുന്നു. ആ സംഭവത്തില്‍ അദ്ദേഹം വേദനിച്ചിരുന്നു. ആ പാലത്തിലൂടെ നടന്ന് പുഴ കടന്നപ്പോള്‍ ഉണ്ടായ അനൂഭൂതിയുടെ വെളിച്ചത്തിലെഴുതിയ കവിതയാണ് കുറ്റിപ്പുറം പാലം.
ഇരുപത്തിമൂന്ന് ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ച പാലത്തില്‍ നില്ക്കുന്ന കവിക്ക് ആദ്യം ഉണ്ടായത് അഭിമാനമായിരുന്നു. ആ പാലത്തിന്റെ ഔന്നത്യത്തില്‍ നിന്ന് പുഴക്കരയിലേക്ക് നോക്കിയപ്പോള്‍ ശോഷിച്ച ഒരു പേരാര്‍ കാണുന്നു. ആ മരത്തണലില്‍ ഇരുന്ന് പൂഴിമണലില്‍ പൂത്താങ്കോല്‍ കളിച്ച ബാല്യത്തെ കവി ഓര്‍ക്കുന്നു. ആ തെളിനീരില്‍ മുങ്ങി നിവര്‍ന്ന് കുളിയും, ജപവും കഴിച്ചതിന്റെ ഓര്‍മ്മകള്‍ കവിയില്‍ നെടുവീര്‍പ്പ് ഉളവാക്കുന്നു. പക്ഷികള്‍ പാറിപ്പറന്നിരുന്ന, അന്നുവരെ കവി അത്ഭുതത്തോടു കൂടി മാത്രം നോക്കി നിന്നിരുന്ന ആ ഉയരത്തിലാണ് കവി ഇന്ന് നില്‍ക്കുന്നത്. പക്ഷേ, കടവിന്റെ ശോഷിച്ച പേരാറിന്റെ ഓര്‍മ്മകള്‍ കവിയെ അസ്വസ്ഥനാക്കുന്നുണ്ടെന്ന് തീര്‍ച്ചയാണ്. അഹങ്കാരത്തോടെ പേമഴയില്‍ ആര്‍ത്ത് അലച്ച് ഒഴുകിയിരുന്ന നിളാ നദിയുടെ പഴയ ദൃശ്യങ്ങള്‍ കവിക്ക് ചെറിയ തമാശയായാണ് തോന്നുന്നത്. തോണിയാത്രക്ക് പോലും ഇട നല്‍കാതെ കുതിച്ചൊഴുകിയിരുന്ന നിളാനദിയുടെ മേലെ പറക്കാന്‍ ഗരുഡന് പോലും ഭയപ്പെട്ടിരുന്നു. അജയ്യയായി വാണിരുന്ന ഒരു ഭൂതകാലം പുഴയ്ക്ക് ഉണ്ടായിരുന്നു. എന്നാലിനിയോ, മനുഷ്യന് നിന്നെ ജയിച്ചിരിക്കുന്നു. അവന്റെ വിദ്യകളുടെ ഫലമാണ് ഈ പാലം. ഇതിന്റെ കാലുകള്‍ക്കിടയിലൂടെ നൂഴ്ന്ന് ഒഴുകുമ്പോള്‍ നീ തോല്‍വി സമ്മതിക്കുകയാണെന്ന് വളരെ സ്പഷ്ടം. ഇവിടെ ആ പാലം മര്‍ത്ത്യവിജയത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. ഇനിയെന്നും മര്‍ത്ത്യവിജയത്തിന്റെ കീഴില്‍ ഒഴുകിക്കൊള്ളുക എന്നും കവി പുഴയോട് പറയുന്നു.

തുടര്‍ന്ന് കവി ചില ഭൂതകാല ചിത്രങ്ങളിലേക്ക് പോകുന്നു. നോക്കെത്താ ദൂരത്തോളം പച്ച പരവതാനി വിരിച്ചപോലെ പരന്നു കിടക്കുന്ന പാടവും, മലര്‍വാടികളും, കുന്നിന്ചെരിവുകളും, ഒക്കെ കവിയുടെ മനസ്സില്‍ കുളിര്‍മ്മയുള്ള ഓര്‍മ്മകളാണ്. ആലയും,തറയും, കാവിലെ ഉത്സവങ്ങളും, കര്‍ഷകരുടെ സംഗീതവും, രാത്രയിലെ ഭീകരമായ നിശബ്ദതയും ഒക്കെ മെല്ലെ മെല്ലെ അകലുകയാണോ എന്ന സംശയം അഥവാ ഭയം കൂടി കവിക്കുണ്ട്. ഈ ഗ്രാമീണ സൗന്ദര്യത്തിന് മേല്‍ കരിയും, ശിലയും, സിമന്റുരുക്കും, ചേര്‍ത്ത് നിര്‍മ്മിച്ച ആ പാലം തലയുയര്‍ത്തി നില്ക്കുമ്പോള് അതിന്മേലെ ടയറും പെട്രോളും ഒക്കെയായി വാഹനങ്ങള്‍ കുതിച്ച് നീങ്ങും. രാപ്പകല്‍ അവിടം ശബ്ദമുഖരിതമാകും. പഴയ ആ ഗ്രാമീണ നിശബ്ദത പോയി മറയും. ഗ്രാമീണ കര്‍ഷകരുടെ പാട്ട് നിലയ്ക്കുംയ അപരിചിതരുടെ കലഹങ്ങളും, കുറ്റകൃത്യങ്ങലും അരങ്ങേറും. പരസ്പ്പരം അയല്‍ക്കാരായവര്‍ തമ്മില്‍ അറിയാത്ത ആ അവസ്ഥ എത്ര ഭീകരമായിരിക്കും? മല്ലൂര്ക്കര എന്നത് ഇനി ഒരു ചൊല്ലു മാത്രമായി മാറും. മല്ലൂര്ക്കരയിലെ തേവര് തെരുവുദൈവമായും മാറും- കവി മനസ്സിലെ ആശങ്കകള്‍ നീളുകയാണ്.
1950-കളില്‍ എഴുതപ്പെട്ട ഈ കവിതയിലെ ആശങ്കകള്‍ മിക്കവയും യാഥാര്‍ത്ഥ്യങ്ങളായി മാറിയതിന് നമ്മള് ഇന്ന് സാക്ഷികളാണ്.മണല്‍ ഊറ്റാനെത്തുന്ന ലോറികളും, തൊഴിലാളികളും മാത്രമാണ് ഭാരതപ്പുഴയ്ക്ക് ഇന്ന് കൂട്ട്. വറ്റി വരണ്ട് ഒരു ചളിക്കുളം മാത്രമായി അവശേഷിക്കുന്ന ആ ദൃശ്യം ഒരു മരുപ്പരപ്പിന്റെ പ്രതീതിയാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. ഹാ കഷ്ടം എന്നു പറഞ്ഞ് ഒഴിയാനാണ് നമുക്ക് താല്‍പ്പര്യം. അല്ലെങ്കിലും ഇതൊക്കെ ഓര്‍ക്കാന്‍ നമുക്കെവിടെ സമയം?!..........
-തയ്യാറാക്കിയത്,
ഉണ്ണികൃഷ്ണദാസ്.വി.
പേരാർ അഴുക്കുചാലായി മാറി! കാലം സാക്ഷി
മറുപടിഇല്ലാതാക്കൂ